മൂന്നുവർഷത്തെ ഇടവേളക്കുശേഷം പുതുക്കുന്ന അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിച്ചു. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള കരട് വോട്ടർ പട്ടിക ഈ മാസം 08 ന് പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ലഭ്യവുമാണ്.
അർഹരായവർക്ക് സെപ്റ്റംബർ 23 വരെ പട്ടികയിൽ പേര് ചേർക്കാം. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കും. 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേയും വോട്ടർ പട്ടിക പുതുക്കുന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025 ലെ പൊതുതെരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉൾക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റം വരുത്താനും sec.kerala.gov.in ലൂടെ അപേക്ഷിക്കാം.